24/06/2014
നമ്മുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. പണവും പദവിയും അധികാരവലുപ്പവും, ആളുകളുടെ ആരാധനയുംകൊണ്ടുമാത്രം മനസ്സമാധാനമുണ്ടാവില്ല. മനസ്സാക്ഷിയുടെ സമ്മതി നേടുകയാണ് അതുണ്ടാകുവാനുള്ള മാര്‍ഗം.
പട്ടണത്തിലെ തിരക്കില്‍ക്കൂടി ബദ്ധപ്പെട്ടു നടക്കുന്ന ഒരാളുടേയും നാട്ടിന്‍പ്പുറത്തെ വയലില്‍ക്കൂടി സാവധാനം നടന്നുപോകുന്ന ഒരു കൃഷിക്കാരന്റേയും മനസ്സിന്റെ സ്വസ്ഥതയ്ക്ക് സാമാന്യമായി പറയുന്നതായാല്‍ വളരെ വ്യത്യാസം കാണും. അവര്‍ ജീവിക്കുന്ന പരിതഃസ്ഥിതിയായിരിക്കും അതിന്നു കാരണം. പട്ടണത്തില്‍ പാര്‍ക്കുന്നവരായാലും തിരക്കില്‍നിന്നും ബഹളത്തില്‍നിന്നും വിട്ട് ദിവസേന കുറെ സമയമെങ്കിലും തനിയെ ഒരിടത്തിരുന്ന് ജീവിതരഹസ്യത്തെപ്പറ്റി ചിന്തിക്കുന്നത് മനശ്ശാന്തി ഉണ്ടാകുന്നതിന്ന് സഹായകരമായിത്തീരും. സ്വാര്‍ഥലാഭത്തിന്നുവേണ്ടി എന്ത് ദുഷ്പ്രവൃത്തിക്കും ഒരുങ്ങി ദിവസം കഴിച്ചുകൂട്ടുന്ന മനുഷ്യന്‍ വിഷമഘട്ടങ്ങള്‍ നേരിടുമ്പോള്‍ ദയനീയമായ ചാപല്യം കാണിക്കുന്നത് അസാധാരണമല്ല. നേരേമറിച്ച് അത്തരം ഘട്ടങ്ങളില്‍ മനോനിയന്ത്രണം ശീലിച്ച ഒരാളുടെ പെരുമാറ്റം അന്തസ്സുറ്റതും ശാന്തഗംഭീരവുമായിരിക്കും.
കള്ളക്കച്ചവടം ചെയ്തും അതിപലിശയ്ക്ക് പണം കടംകൊടുത്തും കടക്കാരോട് യാതൊരു ദയയും ദാക്ഷിണ്യവും കാണിക്കാതെ പണം കുറെ സമ്പാദിച്ച എന്റെ ഒരു പരിചയക്കാരന്‍ രോഗശയ്യയില്‍ കിടന്നപ്പോള്‍ അയാളെ കാണുവാനായി ഞാന്‍ ചെന്നിരുന്നു. ദേഹത്തെ പീഡിപ്പിച്ചിരുന്ന രോഗത്തേക്കാള്‍ അയാളെ തപിപ്പിച്ചിരുന്നത് മനസ്സില്‍ തിരക്കിക്കൂടിയ തന്റെ ദുഷ്‌കര്‍മങ്ങളെപ്പറ്റിയുള്ള ചിന്തയായിരുന്നു. നരകത്തിലേക്കായിരിക്കും താന്‍ പോകുക എന്ന വിചാരവും രാവും പകലും അയാളെ വിട്ടൊഴിഞ്ഞിരുന്നില്ല. എന്തെല്ലാമോ എന്നോടു പറഞ്ഞ് അയാള്‍ കരഞ്ഞു. ഞാന്‍ അയാളെ ആശ്വാസപ്പെടുത്തുവാന്‍ ശ്രമിച്ചുവെങ്കിലും വലിയ ഫലമൊന്നുമുണ്ടായില്ല.
ഇതില്‍നിന്ന് തീരെ വ്യത്യസ്തമായിരുന്നു മറ്റൊരു രോഗിയുടെ നില. മുന്‍പറഞ്ഞ ആളെക്കാള്‍ പ്രായം ഇയാള്‍ക്ക് കുറവാണ്. മാറാത്ത രോഗം പിടിച്ച് ആസന്നമരണയായി കിടന്നിരുന്ന മധ്യവയസ്‌കയായ ഒരു സത്രീയായിരുന്നു അവര്‍. അവശയായി കിടക്കുന്നതുവരെ തന്റെ കടമകളെല്ലാം വേണ്ടവിധം നിര്‍വഹിച്ചു. കഷ്ടപ്പെട്ടു ചെന്നിരുന്നവരെ അവര്‍ കഴിവിന്നനുസരിച്ച് സഹായിക്കുകയും ചെയ്തിരുന്നു. എത്രയും ശാന്തതയോടെയായിരുന്നു അവര്‍ മരണത്തെ നേരിട്ടത്. ജീവിതം പരിശുദ്ധവും പരോപകാരപ്രദവും ആയിരുന്നു എന്ന ബോധം ഈവക ഘട്ടങ്ങളില്‍ ഒരാള്‍ക്ക് മനശ്ശാന്തി ഉണ്ടാക്കാതിരിക്കില്ല.
നാം ജീവിക്കുന്ന രീതിയാണ് നമുക്ക് അസ്വസ്ഥതയോ സമാധാനമോ ഉണ്ടാക്കുന്നതിന്നു കാരണമാകുന്നത്. മനസ്സിന്നു ശാന്തി ഉണ്ടാകത്തക്കവിധത്തിലായിരിക്കണം നമ്മുടെ വിചാരവും പ്രവൃത്തിയും. അന്യന്റെ ഭാഗ്യത്തില്‍ അസൂയപ്പെടുകയും അവന്റെ കഷ്ടത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മനസ്സമാധാനം ഉണ്ടാവുക പ്രയാസമാണ്. അറിവ് സമ്പാദിച്ചതുകൊണ്ടോ, മധുരവാക്ക് പറഞ്ഞതുകൊണ്ടോ, ഭംഗിയായ പെരുമാറ്റംകൊണ്ടോ മാത്രം സമാധാനം കൈവരുത്തുവാന്‍ സാധിച്ചുവെന്നുവരില്ല. അത് മറ്റുള്ളവരെ വഞ്ചിക്കുവാനേ ഉപകരിക്കൂ. മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്നതിന്ന് അതിന്നു കഴിയില്ല. അതില്ലാതെ മനസ്സമാധാനം കൈവരുത്തുവാനും സാധ്യമല്ല.
പല തരക്കാരാണ് ലോകത്തിലുള്ളത്-കള്ളനും സത്യവാനും സ്വാര്‍ഥിയും നീതിമാനും ദുഷ്ടനും ദയാലുവും. അവരോടെല്ലാം നമുക്ക് സമ്പര്‍ക്കം പുലര്‍ത്തേണ്ടതായിവരും. അവരുടെ മനഃസ്ഥിതി മാറ്റുന്നതിന്ന് നമുക്കു കഴിഞ്ഞില്ലെന്നു വരാം. എന്നാല്‍ അവരെ ശരിയായി അറിഞ്ഞുകൊ ണ്ടുതന്നെ അവരോടുള്ള നമ്മുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് നമുക്ക് കഴിയേണ്ടതാണ്. ദണ്ഡിക്കുവാനുള്ള ആഗ്രഹവും പകരംവീട്ടുവാനുള്ള വാസനയും ഒരു ആദര്‍ശശാലിക്ക് ചേര്‍ന്നതല്ല. മറ്റുള്ളവരുടെ വീഴ്ചകളും കുറ്റങ്ങളും പൊറുക്കുവാനുള്ള സന്നദ്ധതയാണല്ലോ സഹിഷ്ണുത. സംസ്‌കാരസമ്പന്നനായ മനുഷ്യന്‍ വളര്‍ത്തിവരേണ്ടുന്ന മഹത്തായ സല്‍ഗുണമാണത്.
മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കാതെ ജീവിതം കഴിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. അതുകൊണ്ടു മാത്രമായില്ല, അവര്‍ക്ക് ആശ്വാസവും സന്തോഷവും ഉണ്ടാക്കുവാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കുകയും വേണം.
അന്യന്റെ വീക്ഷണഗതി മറ്റൊരു പ്രകാരത്തിലാണെങ്കില്‍ അതിന്നു അവനെ കുറ്റപ്പെടുത്തരുത്. ഭിന്നരുചിക്കാരല്ലേ ലോകത്തിലുള്ളവര്‍? നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കണമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അവരുടെ ഇഷ്ടത്തിന്നനുസരിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കണമെന്ന് അവര്‍ വാദിക്കുന്നതില്‍ തെറ്റുണ്ടോ? നീതി ചെയ്യുവാന്‍ വ്യഗ്രതയുള്ള ഒരു മനുഷ്യന്ന് ഭിന്നാഭിപ്രായങ്ങളെ ഇണക്കിക്കൊണ്ടു പോകുവാന്‍ കുറെയെല്ലാം സാധിച്ചുവെന്നു വരും.
സേവനത്തിന്നുള്ള വ്യഗ്രത, സത്യത്തിലുള്ള നിഷ്ഠ, തികഞ്ഞ ധര്‍മബോധം ഇതു മൂന്നും ഒത്തുചേരുമ്പോള്‍ ശാന്തിയിലേക്കുള്ള മാര്‍ഗം തെളിഞ്ഞുവരും. നാം കാണുന്ന വെളിച്ചത്തില്‍ കൂടിയല്ലേ നമുക്ക് പോകുവാന്‍ കഴിയൂ. അങ്ങനെ ചെയ്താല്‍ മനസ്സിന്ന് സമാധാനം ഉണ്ടാകാതിരിക്കില്ല. അതിന്നു നമുക്ക് ശ്രമിച്ചുകൂടേ?
മനസ്സിന്റെ ചാഞ്ചല്യം മനുഷ്യന്ന് ദോഷകരം
വിഷമം നിറഞ്ഞ ഘട്ടങ്ങള്‍ പലപ്പോഴും നമുക്ക് നേരിടേണ്ടി വരും. അസാധാരണ ധൈര്യവും ആലോചനാശക്തിയും അപ്പോള്‍ നമുക്ക് ആവശ്യമാണ്. എന്നാല്‍ ദൈനംദിന കൃത്യങ്ങള്‍ നമ്മെ ശല്യപ്പെടുത്തുന്ന ചില നിസ്സാര സംഗതികള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന അനര്‍ഥം കനത്തതല്ലെങ്കിലും മനസ്സമാധാനം ഇല്ലാതാക്കുന്നതിന്ന് പര്യാപ്തമായേക്കാം-എന്താണ് ചെയ്യേണ്ടതെന്നറിയാതെ മനസ്സിന്ന് ശൂന്യം ബാധിച്ചതുപോലെയുള്ളൊരവസ്ഥ. ഈ സന്ദര്‍ഭങ്ങളില്‍ നാം പറയുന്ന വാക്കുകളേയും ചെയ്യുന്ന പ്രവൃത്തികളേയും പറ്റി പിന്നീട് നമുക്കു പശ്ചാത്തപിക്കേണ്ടതായി വന്നേക്കാം. ലഘുവായ സൊല്ലകളെ അപ്പപ്പോള്‍ പുഞ്ചിരിയോടെ അകറ്റുന്നതിന്നു പകരം നിലനില്‍ക്കുവാന്‍ അനുവദിക്കുകയാണെങ്കില്‍ അത് നമ്മുടെ മനസ്സമാധാനത്തിന്നു വലിയൊരു ഭീഷണിയായിത്തീരും.
ഏതു ദുര്‍ഘടാവസ്ഥയേയും നേരിടുന്നതിനുള്ള കഴിവ് നമ്മില്‍ ഉണ്ടെന്ന വസ്തുത പലരും അറിയുന്നില്ല. പരിതഃസ്ഥിതികള്‍ സൂക്ഷ്മമായി മനസ്സിലാക്കി നമ്മുടെ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന്നനുസരിച്ചാണ്, കുഴപ്പങ്ങള്‍ നേരിടുന്നതില്‍ നമുക്കുണ്ടാവുന്ന വിജയം. അങ്ങനെ വിജയം നേടിയവരുടെ പാടവവും പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ അവര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളും അറിയുന്നത് രസാവഹമായ അനുഭവമായിരിക്കും. ചില വ്യവസായ പ്രമുഖന്മാരുടേയും രാഷ്ട്രീയ നേതാക്കന്മാരുടേയും മുതലാളികളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന്നു ശ്രമിക്കുന്ന മധ്യസ്ഥന്മാരുടെയും പ്രവൃത്തികള്‍ ഇതിന്നു ഉദാഹരണമായി എടുത്തുകാണിക്കാം. അവരില്‍നിന്ന് പഠിക്കേണ്ട് ചില സംഗതികള്‍ അറിഞ്ഞിരിക്കുന്നതും നന്നായിരിക്കും.
പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ സൗഹാര്‍ദവും സന്മനസ്സും സൃഷ്ടിക്കുന്നതിന്നു തികഞ്ഞ നര്‍മബോധം ഉതകാതിരിക്കില്ല. ഫലിതം പറയുവാന്‍ പാടവമുള്ള ഒരാളുടെ വാക്കുകള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ കുളിര്‍മയുള്ള മന്ദമാരുതന്‍ വീശുന്നതുപോലെയാണ്. ചിലര്‍ക്കത് സഹജമാണ്; എന്നാല്‍ പലര്‍ക്കും അത് വളര്‍ത്താവുന്ന ഒരു ഗുണവുമാണ്.
അവസരത്തിന്നനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സാമര്‍ഥ്യമാണ് കുഴപ്പം തരണം ചെയ്യുന്നതിന്നുള്ള മറ്റൊരു മാര്‍ഗം. ഇതിന്ന് ചിലര്‍ക്കുള്ള സാമര്‍ഥ്യം നമ്മെ അത്ഭുതപ്പെടുത്തും. ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍മയില്‍ വരുന്നു. ഃമട്രിക്കുലേഷന്‍ ക്ലാസ്സില്‍ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന മാസ്റ്റര്‍ ഒരു ദിവസം കല്പനയിലായിരുന്നു. അന്ന് ഞങ്ങള്‍ക്ക് ജോമട്രി എടുക്കേണ്ട ദിവസമാണ്. പകരം ക്ലാസ്സില്‍ വന്നത് ആ വിഷയത്തെപ്പറ്റി അധികം വിവരമില്ലാത്ത ഒരു മാസ്റ്ററാണ്. തന്റെ അറിവില്ലായ്മ സമര്‍ഥമായി മറച്ചുവെക്കുവാന്‍ കഴിവുള്ള ഒരാള്‍
ലാസ് എടുക്കുന്ന മധ്യേ ഒരു കുട്ടി എഴുന്നേറ്റുനിന്ന് ഒരു സംശയം ചോദിച്ചു. ഉത്തരം പറയാന്‍ പ്രയാസമുള്ള ഒരു ചോദ്യമായിരുന്നുതാനുമത്. ഉത്തരം മാസ്റ്റര്‍ക്കപ്പോള്‍ തോന്നിയില്ല. തനിക്ക് അത് അറിയില്ലെന്നു പറയുന്നത് തന്റെ പദവിക്ക് പറ്റില്ലെന്നു അദ്ദേഹം മനസ്സിലാക്കി. പീരിയഡ് കഴിയുവാന്‍ പിന്നേയും കുറെ സമയമുണ്ടായിരുന്നു. അത് എങ്ങനെയെങ്കിലും കഴിച്ചുകൂട്ടണമല്ലോ എന്നായിരുന്നു അയാളുടെ ആലോചന. 'ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. നിങ്ങളില്‍ ആരെങ്കിലും അതു പറയണം. ആര്‍ക്കും കഴിയില്ല എന്നു വന്നാല്‍ മാത്രമേ ഞാനത് പറയേണ്ടതുള്ളൂ. അതുകൊണ്ട് അതിന്നുത്തരം പറയുവാന്‍ ഞാന്‍ ചിലരോട് ചോദിക്കട്ടേ' എന്നു പറഞ്ഞ് ഓരോ കുട്ടിയേയും വിളിച്ച് ചോദ്യം ആവര്‍ത്തിച്ചു. ഓരോരുത്തരും കുറെ സമയം എഴുന്നേറ്റുനിന്ന് ഉത്തരം പറയുവാന്‍ കഴിയാതെ സ്ഥാനത്തിരുന്നു. അങ്ങനെ അഞ്ചാറ് കുട്ടികളോട് ചോദിക്കുമ്പോഴേക്ക് പീരിയഡ് കഴിഞ്ഞു. അടുത്ത ദിവസം ഉത്തരം ആലോചിച്ചു വരുവാനായി അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. പിറ്റേ ദിവസം ക്ലാസ്സില്‍ വരുന്നതിന്നു മുമ്പായി അതിന്നുള്ള ഉത്തരം മാസ്റ്റര്‍ പഠിച്ചുവന്നു. ഉത്തരം എത്രയോ എളുപ്പമാണെന്ന ഭാവത്തോടെ അദ്ദേഹം കുട്ടികള്‍ക്കത് പറഞ്ഞുകൊടുത്തു. എത്ര സമര്‍ഥനാണ് തങ്ങളുടെ മാസ്റ്റര്‍ എന്നു കുട്ടികള്‍ അപ്പോള്‍ വിചാരിച്ചിരിക്കാം!
മറ്റുള്ളവരുടെ മേല്‍ നാം ആധിപത്യം ചെലുത്തുവാന്‍ ശ്രമിക്കുകയാണ് എന്ന തോന്നല്‍ അവരില്‍ ഉണ്ടാകരുത്. അതാണ് കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുവാനുള്ള വേറൊരു മാര്‍ഗം. രണ്ടു ഭാഗക്കാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കുവാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ഇന്ന പ്രകാരം ചെയ്യണം എന്ന് അവരോട് പറയുകയല്ല വേണ്ടത്. 'ഇന്ന വഴി ആലോചിച്ചുനോക്കൂ, അത് പറ്റുമെന്നു എനിക്ക് തോന്നുണ്ട്, നിങ്ങളും അത് ഇഷ്ടപ്പെടുവാന്‍ മതി' എന്നു ചൂണ്ടിക്കാണിച്ച് അവര്‍ തമ്മില്‍ അതിനെപ്പറ്റി സംസാരിക്കുന്നതിന്ന് ഉത്സാഹപ്പെടുത്തുകയാണ് വേണ്ടത്. അതിന്ന് ഫലമുണ്ടാകാതിരിക്കയില്ല. എന്താണ് ഒരു പ്രത്യേക തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന്ന് എതിരാളികള്‍ക്കുള്ള പ്രേരണ എന്നു മനസ്സിലാക്കുവാന്‍ ശ്രമിക്കണം. അത് അറിയുമ്പോള്‍ നിങ്ങളുടെ നില ഭേദപ്പെടുത്തുന്നതിന്ന് നിങ്ങള്‍ക്കും കഴിയും. മനസ്സിന്റെ ചാഞ്ചല്യം അകറ്റുന്നതിന്നുള്ള ഒരു വഴി അതാണ്.
കളങ്കമില്ലാത്ത മനസ്സും കലവറയില്ലാത്ത വാക്കുകളും വിഷമഘട്ടങ്ങള്‍ കടന്നുപോകുന്നതിന്ന് നമ്മെ സഹായിക്കാതിരിക്കില്ല. ഈ സ്വഭാവമുള്ള ഒരാളെ ആരും ഇഷ്ടപ്പെടും.
എന്തൊന്ന് ചെയ്യുവാന്‍ പുറപ്പെടുമ്പോഴും അതുസംബന്ധമായ സകല കാര്യങ്ങളും സൂക്ഷ്മമായി അന്വേഷിച്ചറിയുന്നത് വിജയസാധ്യതയ്ക്കുള്ള മാര്‍ഗം സുകരമാക്കുകയാണ്. ഒരു കമ്മിറ്റി യോഗത്തിലോ പ്രസംഗവേദിയിലോ പങ്കെടുക്കുന്ന ഒരാള്‍ താന്‍ പറയേണ്ടത് എന്തെന്ന് നല്ലപോലെ ആലോചിച്ചു പോകുന്നതായാല്‍ ശ്രോതാക്കളെ തന്റെ ഭാഗത്തേക്ക് ആകര്‍ഷിക്കുന്നത് എളുപ്പമായിരിക്കും. ഒരാലോചനയും കൂടാതെ വണ്ടും തൊണ്ടും പറയുന്നത് അവരെ വെറുപ്പിക്കുകയേയുള്ളൂ.
ഒരു ഘട്ടം നേരിടുമ്പോള്‍ എന്തെല്ലാം തരത്തില്‍ അത് രൂപംകൊള്ളുവാന്‍ ഇടയുണ്ടെന്നു ആലോചിച്ചറിയണം. വികാരങ്ങള്‍ക്കധീനരാകാതെ അത് ചെയ്യുകയും വേണം. ഇത് വിജയം കൈവരുത്തുന്നതിന്നുള്ള മാര്‍ഗം തെളിയിക്കും.
പൂര്‍ണവിജയം നേടുന്നതിന്നു നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ക്കൂടി, നിങ്ങളുടെ ശല്യങ്ങള്‍ ലഘൂകരിക്കുന്നതിന്ന് മേല്പറഞ്ഞ ഗുണങ്ങള്‍ നിങ്ങളെ സഹായിക്കാതിരിക്കില്ല.
ശാന്തി കൈവരട്ടെ! സമാധാനം പുലരട്ടെ! സൗഹാര്‍ദം വളരട്ടെ!
ശാന്തിയുടേയും സമാധാനത്തിന്റേയും സൗഹാര്‍ദത്തിന്റേയും സന്ദേശവുമായി ക്രിസ്മസ്സിതാ വന്നിരിക്കുന്നു. വെറുപ്പും വിദ്വേഷവും അനീതിയും അക്രമവും സ്വാര്‍ഥവും ദുര്‍മോഹവും മനുഷ്യനെ മനുഷ്യത്വത്തില്‍നിന്ന് വേര്‍പെടുത്തുമ്പോള്‍, സൗഖ്യത്തിനും സമാധാനത്തിനും ആവശ്യമായ ജീവിതമൂല്യങ്ങള്‍ ആര്‍ജിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ് ക്രിസ്മസ്. നൈരാശ്യക്കടലില്‍ മുങ്ങിയും പൊങ്ങിയും വീര്‍പ്പുമുട്ടുന്ന നിര്‍ഭാഗ്യവാന്മാര്‍ക്ക് കരകയറാനുള്ള സഹായഹസ്തം നീട്ടുകയാണ് ക്രിസ്മസ്. ഗാനങ്ങളും മേളങ്ങളും സമ്മാനങ്ങളും അലങ്കാരങ്ങളുമായി സന്തോഷവും സമാധാനവും ലോകമെങ്ങും പരത്തുവാന്‍ ശ്രമിക്കുകയാണ് ക്രിസ്മസ്. ശ്രവിക്കുക, ശ്രദ്ധ കേന്ദ്രീകരിച്ച് കേള്‍ക്കുക, അതിന്റെ സന്ദേശം. മനശ്ശാന്തി കൈവരുത്തുവാന്‍ അത് സഹായിക്കും. സമാധാനം വീണ്ടെടുക്കുവാന്‍ അതിന്നു കഴിയും. സൗഹാര്‍ദം ബലപ്പെടുത്തുന്നതിന്നും അതിന്നു സാധിക്കും.
സൗഖ്യം മനുഷ്യന്റെ ജന്മാവകാശമാണ്. എന്നാല്‍ അത് നേടുന്നതിന്ന് നാം ചിലതെല്ലാം ചെയ്‌തേ കഴിയൂ: എന്താണവയെന്നു ചിന്തിക്കാം:
നീതി പാലിക്കുന്നതില്‍ നാം നിഷ്‌കര്‍ഷതയുള്ളവരായിരിക്കണം. ഓരോരുത്തര്‍ക്കും അര്‍ഹതയുള്ളത് അവര്‍ക്ക് അനുവദിച്ചുകൊടുക്കുവാന്‍ നാം തയ്യാറാവണം. മറ്റൊരുത്തനുള്ളത് പിടിച്ചുപറ്റുവാന്‍ ശ്രമിക്കുന്നത് നീതിയല്ല, സ്വാര്‍ഥമാണ്. ശരിയായ മാര്‍ഗമേ സ്വീകരിക്കുവാന്‍ പാടുള്ളൂ. ഏതാണ് ശരി എന്നറിയാതെ വിഷമിക്കുമ്പോള്‍ വെളിച്ചത്തിന്നായി ഉള്ളഴിഞ്ഞ് പ്രാര്‍ഥിക്കണം; 'വെളിച്ചമേ, നേര്‍വഴിക്ക് എന്നെ നയിച്ചാലും' എന്ന അപേക്ഷയോടുകൂടി.
കഷ്ടപ്പെടുന്നവരും ദുരിതമനുഭവിക്കുന്നവരുമാണ് ലോകത്തില്‍ ഭൂരിപക്ഷവും. അവരോട് ദയ കാണിക്കണം. അനുഭാവത്തോടുകൂടി അവരുടെ സ്ഥിതി മനസ്സിലാക്കണം. അവരെ സഹായിക്കുവാന്‍ ഒരുങ്ങുകയും വേണം. സഹായം പലവിധത്തില്‍ ആവശ്യമായിട്ടുള്ളവരുണ്ടാകും. ചിലര്‍ക്ക് വേണ്ടത് സാമ്പത്തികസഹായമാണ്. മറ്റു ചിലരുടെ ആവശ്യം മനസ്സിന്ന് ആശ്വാസമുണ്ടാക്കുകയാണ്. ശാരീരികമായ സഹായം വേറെ ചിലര്‍ക്കു വേണ്ടിവരും. ഇതെല്ലാം അറിഞ്ഞ് വേണ്ടവര്‍ക്കു വേണ്ടവിധം ചെയ്തുകൊടുക്കുക.
വല്ലവരും അറിഞ്ഞോ അറിയാതേയോ നിങ്ങള്‍ക്ക് വല്ല ദ്രോഹവും ചെയ്തിട്ടുണ്ടെങ്കില്‍ അത് പൊറുക്കുകയും മറക്കുകയും വേണം. പകരം വീട്ടാനുള്ള ആഗ്രഹം ഒരിക്കലും മനസ്സിനെ തീണ്ടരുത്.
സത്യത്തെ മുറുകെ പിടിക്കണം. സത്യത്തില്‍നിന്നു വ്യതിചലിക്കാത്ത മനുഷ്യന്ന് ഏതു ദുര്‍ഘടഘട്ടങ്ങളും ധീരതയോടെ നേരിടുന്നതിന്ന് സാധിക്കും. പരാജയംകൊണ്ട് കുണ്ഠിതപ്പെടേണ്ടതില്ല. വിജയം നേടിയാല്‍ അഹങ്കരിക്കുകയും വേണ്ട.
ഏതു പ്രവൃത്തി ചെയ്യുന്നതായാലും തികഞ്ഞ ആത്മാര്‍ത്ഥത അതില്‍ പ്രതിഫലിച്ചുകാണണം-പ്രവൃത്തിയിലെന്ന പോലെ വാക്കിലും. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന നിങ്ങള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കണം. പരാധീനതയില്‍ കിടന്ന് കഷ്ടപ്പെടുന്നവരേയും പരന്റെ ദ്രോഹം അനുഭവിക്കുന്നവരേയും മോചിപ്പിക്കുവാന്‍ നിങ്ങള്‍ സന്നദ്ധരായിരിക്കണം. അന്തസ്സുള്ള മനുഷ്യന്‍ അതിന്നൊരിക്കലും മടിക്കുകയില്ല. മനുഷ്യന്റെ നിസ്വാര്‍ത്ഥതയും സ്‌നേഹവായ്പും ആരംഭിക്കുന്നത് ഗൃഹത്തിലാണ്. മക്കള്‍ക്കുവേണ്ടി ത്യാഗത്തിന് തയ്യാറാവാത്ത അച്ഛനമ്മമാരുണ്ടോ? മാതാപിതാക്കന്മാരെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യാത്ത മക്കള്‍ അപരാധികളല്ലേ? കുടുംബത്തില്‍നിന്ന് ആരംഭിക്കുന്ന ഈ ഗുണങ്ങളാണ് പൗരന്മാരുടെ നിലയില്‍ സമുദായനന്മയ്ക്കായി നാം വളര്‍ത്തിവരേണ്ടത്.
കലയിലും പ്രകൃതിയിലും കാണുന്ന സൗന്ദര്യം ആസ്വദിക്കുവാന്‍ ശീലിക്കുക. അത് മനസ്സിന്ന് ഉന്മേഷവും മാര്‍ദ്ദവവും ഉണ്ടാക്കുന്നതിന്ന് സഹായകമാകാതിരിക്കില്ല. പുസ്തകങ്ങള്‍ വായിച്ചും വിദ്യാസമ്പന്നരായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയും മനസ്സിനെ വികസിപ്പിക്കുവാനും വിജ്ഞാനസമ്പത്തു വര്‍ദ്ധിപ്പിക്കാനും നിരന്തരം പ്രയത്‌നിക്കണം. മഹാന്മാരുടെ ജീവചരിത്രം വായിച്ച് മനസ്സിലാക്കുന്നതില്‍ താത്പര്യമുണ്ടാവണം. അനുകരണീയമായ പലതും നമുക്കു പഠിക്കാനുണ്ടാവും. ധീരത വളര്‍ത്തിവരിക, പ്രസന്നവദനനായിരിക്കുക, മറ്റുള്ളവരുടെ സൗകര്യത്തേയും സൗഖ്യത്തേയും ഓര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരാവുക, സല്‍പ്രവൃത്തികള്‍കൊണ്ട് ജീവിതം ധന്യമാക്കുവാന്‍ ശ്രമിക്കുക. ഇതെല്ലാം ജീവിതത്തിന്നു പൂര്‍ണ്ണതയും പക്വതയും കൈവരുത്തുവാന്‍ ആവശ്യമാണ്.
പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുക, അന്യരോട് വെറുപ്പ് തോന്നാതിരിക്കുക, രാത്രി ഉണ്ടെങ്കില്‍ പകലുമുണ്ടെന്നും കൊടുങ്കാറ്റ് കഴിഞ്ഞാല്‍ ശാന്തത അനിവാര്യമാണെന്നും വിശ്വസിച്ച് മനസ്സിനെ അനാവശ്യമായി വേദനിപ്പിക്കാതിരിക്കുക. നമുക്കു ചെയ്യുവാന്‍ കഴിയുന്നത് നമ്മുടെ ശക്തി മുഴുവനും ഉപയോഗിച്ച് കാര്യങ്ങള്‍ നേടുവാന്‍ ശ്രമിക്കുക മാത്രമാണ്. എന്നിട്ടും വിജയം കൈവന്നിട്ടില്ലെങ്കില്‍ അതിനെപ്പറ്റി കുണ്ഠിതപ്പെടാതിരിക്കുക. നമ്മുടെ കടമകള്‍ ആത്മാര്‍ത്ഥമായി കഴിവിനനുസരിച്ചു ചെയ്തു എന്ന ചാരിതാര്‍ത്ഥ്യം നമുക്കുണ്ടാവണം.മനഃസാക്ഷിയുടെ സംതൃപ്തിയാണല്ലോ മനഃസമാധാനത്തിന്റെ അടിസ്ഥാനം.
കുട്ടികള്‍ക്ക്, യുവാക്കള്‍ക്ക്, മധ്യവയസ്‌ക്കര്‍ക്കും എന്നപോലെ വൃദ്ധര്‍ക്കും ആശ്വാസവും ആനന്ദവും തേടാവുന്ന അവസരമാണ് ക്രിസ്തുമസ്സ് കാലം. ഭൂമിയില്‍ ശാന്തിയും സമാധാനവും പുലരട്ടെ; ജനങ്ങളില്‍ സന്മനസ്സും സൗഹാര്‍ദ്ദവും വളരട്ടെ എന്നാണല്ലോ ക്രിസ്തുവിന്റെ സന്ദേശം. ഇതു യാഥാര്‍ത്ഥ്യമായിത്തീരുന്നതിന്നു നാം ഓരോരുത്തരും പ്രയത്‌നിക്കേണ്ടതുണ്ട്. ''കഴിയുംവണ്ണം സമൂഹനന്മയ്ക്കും മറ്റുള്ളവരുടെ ദുഃഖഭാരം ലഘൂകരിക്കുന്നതിനും അവരുടെ സൗഖ്യം വര്‍ധിപ്പിക്കുന്നതിനും ഞാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കും' എന്ന പ്രതിജ്ഞ കൈക്കൊള്ളേണ്ട അവസരം കൂടിയാണിത്.
അനിശ്ചിതവും അത്ഭുതാവഹവുമായ മനുഷ്യജീവിതം
അടുത്ത കാലത്ത് നടന്ന ചില ലോകസംഭവങ്ങള്‍ മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വവും നിഗൂഢതയും, പകല്‍ വെളിച്ചം പോലെ നമുക്ക് തെളിവായി കാണിച്ചുതരികയാണ്. പദവിക്കും അധികാരത്തിന്നും വേണ്ടി വെമ്പല്‍കൊള്ളുന്ന മനുഷ്യന്‍ ചെന്നുചേരുന്നത് ദുരിതത്തിലേക്കും ദൈന്യതയിലേക്കും ആണ്. ഇന്ന് അധികാരപീഠത്തിലിരുന്ന് അഹങ്കാരംകൊണ്ട് മതിമറന്ന് എതിരാളിയെ നിന്ദിക്കുവാനും ദ്രോഹിക്കുവാനും മുതിരുന്ന ഒരു വ്യക്തി, നാളെ ആ എതിരാളിയോട് രക്ഷയ്ക്കും മാപ്പിന്നും യാചിക്കുന്നതിന്ന് നിര്‍ബന്ധിതനാകുന്നു. വിവരിക്കുവാന്‍ പ്രയാസമായ കഷ്ടതകള്‍ അനുഭവിച്ച് മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘകാലം പാകിസ്താന്‍കാരുടെ ഏകാന്തതടവില്‍ കഴിച്ചുകൂട്ടേണ്ടിവന്ന മുജിബുര്‍ റഹ്മാന്‍ ഇപ്പോഴിതാ ബന്ധനത്തില്‍നിന്നു വിമുക്തനായി, തന്റെ നാട്ടുകാരുടെ ആരാധനാപാത്രമായി അധികാരപീഠത്തില്‍ കയറിയിരിക്കയാണ്. ബംഗ്ലാദേശക്കാരെ നിഷ്ഠൂരമായി ദ്രോഹിച്ച് അവരുടെ നേതാവിനെ തടവിലാക്കിയ പാകിസ്താനിലെ ഏകാധിപതിയായിരുന്ന യഹ്യാഖാന്‍ അധികാരത്തില്‍നിന്ന് നീക്കപ്പെട്ട് ഇനി എന്താണ് തനിക്ക് സംഭവിക്കാന്‍ പോകുന്നെതന്നറിയാതെ എവിടെയോ തടവിലിരിക്കുകയുമാണ്. ഇങ്ങനെ എത്ര സംഭവങ്ങള്‍ ലോകത്തില്‍ നടക്കുന്നു! വലുതും ചെറുതുമായ സംഭവങ്ങള്‍! ഇതെല്ലാം കണ്ടും കേട്ടും ജീവിതത്തിലെ ശാശ്വതമൂല്യങ്ങളെപ്പറ്റി അറിയാതെ, സ്ഥാനത്തിന്നും അധികാരത്തിന്നും കൊതിക്കുന്ന ആളുകളോട് പരിതാപമല്ലാതെ മറ്റെന്താണ് തോന്നുക!
അംഗീകാരത്തിന്നും സമുദായത്തില്‍ സ്ഥാനത്തിന്നും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, അധികാരത്തിന്നുവേണ്ടി മറ്റുള്ളവരുടെ മേല്‍ ആധിപത്യം ചെലുത്താനുള്ള വ്യഗ്രതകൊണ്ട് മതിമറന്ന് എന്തക്രമവും പ്രവര്‍ത്തിക്കുവാന്‍ ഒരുങ്ങുന്നത് ആപത്തിനെ സ്വയം ക്ഷണിച്ചുവരുത്തലാണ്. അത് മനസ്സിന്നു സ്വസ്ഥതയുണ്ടാക്കില്ല. മറ്റെന്തുണ്ടായാലും മനശ്ശാന്തിയില്ലെങ്കില്‍ ജീവിതം ദുസ്സഹമായിരിക്കും.
ആ വിലപ്പെട്ട മനശ്ശാന്തി കൈവരുത്തുന്നതെങ്ങനെ? സാമാന്യമായി പറയുന്നതായാല്‍ നാലു മാര്‍ഗങ്ങളാണ് അതിന്നുള്ളത്.
'പാലം കെട്ടുക'യാണ് അതിലൊന്ന്. മനുഷ്യന്‍ വന്‍കടലിലെ ദ്വീപുകളെപ്പോലെ അവിടവിടെ ഒറ്റപ്പെട്ടു നില്‍ക്കുകയാണ് - വ്യക്തികളും സമുദായങ്ങളും വര്‍ഗങ്ങളും. സ്വാര്‍ഥവും തെറ്റിദ്ധാരണയും ഭിന്നരുചിയും അവരെ വേര്‍തിരിച്ചുനിര്‍ത്തുന്നു; ഒരു കൂട്ടര്‍ മറ്റവരെ കുറ്റപ്പെടുത്തിക്കൊണ്ട്. സുഖത്തോടും സമാധാനത്തോടും ജീവിക്കേണ്ടവര്‍ തമ്മില്‍ കലഹിച്ചും ദ്രോഹിച്ചും കഴിഞ്ഞുകൂടുകയാണ്. അവര്‍ തമ്മിലുള്ള തെറ്റിദ്ധാരണ തീര്‍ത്ത് അവരെ സുഹൃത്തുക്കളാക്കിത്തീര്‍ക്കുന്നത് എന്തൊരു ഉത്കൃഷ്ടമായ സേവനമാവും! കലഹിക്കുന്ന രണ്ടു കുടുംബങ്ങളെ തമ്മില്‍ യോജിപ്പിക്കുന്നതും വളരെക്കാലം തെറ്റിപ്പിരിഞ്ഞു വേറിട്ട് താമസിച്ചിരുന്ന ദമ്പതിമാരെ ഒന്നിച്ചു കൊണ്ടുവരുന്നതും അതുപോലെ ആനന്ദകരമായ നേട്ടങ്ങളല്ലേ? ഇത്തരം സല്‍പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്ന ഒരു മനുഷ്യന്ന് സൗഖ്യം ഉണ്ടാകാതിരിക്കുന്നതെങ്ങനെ? 'പാലം കെട്ടുക' എന്നു പറഞ്ഞതിന്നര്‍ഥം ഇങ്ങനെയുള്ളവരെ തമ്മില്‍ യോജിപ്പിക്കുക എന്നാണ്. വിട്ടുനില്‍ക്കുന്നവരെ ഒന്നിച്ചു ചേര്‍ക്കുകയെന്ന്.
'പന്തം പിടിക്കുക'യാണ് മറ്റൊരു മാര്‍ഗ്ഗം: ഈ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ഓരോ കാരണങ്ങളാല്‍ ബുദ്ധിമുട്ടി മനസ്സുമടുത്ത് ഉപദേശംകൊണ്ടോ, സഹായംകൊണ്ടോ കരകയറുവാന്‍ ശ്രമിക്കുന്നത് എത്ര പ്രശംസനീയമായ കൃത്യമാണ്. ഇരുട്ടില്‍ കിടന്ന് വഴിയറിയാതെ തിരിയുന്ന ഒരുത്തന്ന് വെളിച്ചം കാണിച്ചുകൊടുത്ത് നേര്‍വഴിക്ക് നടക്കുവാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കുന്നതുപോലെയല്ലേ അത്? 'പന്തം പിടിക്കുക' എന്നു പറഞ്ഞതിന്റെ സാരം അതത്രെ. ഇത്തരം സഹായം ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. നാം അതിന്ന് തുനിയുന്നില്ലെന്നു മാത്രം. നമ്മുടെ 'സൊല്ലകള്‍' അതിന്ന് നമ്മെ അനുവദിക്കുന്നില്ലായിരിക്കാം. എന്നാല്‍ അങ്ങനെ ചെയ്യുവാന്‍ പുറപ്പെടുന്നതുകൊണ്ടുതന്നെയാണ് നമ്മുടെ സൊല്ലകളുടെ ശല്യം നാം മറന്നുപോകുന്നതും.
മൂന്നാമത്തേത് 'തൈലം തൊട്ടുതലോടുക'യാണ്. കടച്ചില്‍കൊണ്ടോ, വ്രണങ്ങള്‍കൊണ്ടോ കഷ്ടപ്പെട്ട്, അസ്വസ്ഥനായി കിടക്കുന്ന ഒരാള്‍ക്ക് തൈലംതേച്ച് അയാളുടെ ശരീരം തടവിക്കൊടുക്കുന്നത് എത്ര ആശ്വാസകരമായിരിക്കും! പ്രത്യേകിച്ച് സ്‌നേഹത്തോടെ അത് ചെയ്തുകൊടുക്കുമ്പോള്‍. കടച്ചിലും മുറികൊണ്ടുള്ള വേദനയും മാത്രമല്ല ഒരാളെ അസ്വസ്ഥനാക്കുന്നത്. മനസ്സിലെ പലതരത്തിലുള്ള വേദനകള്‍ നരകതുല്യമായ അനുഭവമായിരിക്കാം അയാള്‍ക്കുണ്ടാക്കുന്നത്. ആശ്വാസം കിട്ടാതെ തപിക്കുന്ന ആ മനുഷ്യന്ന് നിങ്ങളില്‍ നിന്ന് സമാധാനമുണ്ടാക്കുന്ന വാക്കുകള്‍ കേള്‍ക്കുന്നത് ചുട്ട വെയിലില്‍ക്കൂടി പോകുന്ന ഒരുത്തന്ന് കുളുര്‍മയുള്ള കാറ്റ് ഏല്‍ക്കുന്നതുപോലെയാണ്. പ്രിയപ്പെട്ട കുട്ടിയുടെ മരണംകൊണ്ട് തപിക്കുന്ന ഒരമ്മയായിരിക്കാം ഒന്ന്. ആകസ്മികമായ കുഴപ്പങ്ങള്‍കൊണ്ട് തന്റെ സര്‍വസ്വത്തും നഷ്ടപ്പെട്ട ഒരു നിര്‍ഭാഗ്യവാനായിരിക്കാം മറ്റൊരാള്‍. തന്റെ കൃത്യങ്ങള്‍ സത്യമായി നിര്‍വഹിച്ചിട്ടും അടിസ്ഥാനമില്ലാത്ത അപവാദങ്ങള്‍ കേള്‍ക്കുവാന്‍ ഇടവന്ന ഒരു നിര്‍ഭാഗ്യവാനായിരിക്കാം വേറൊരാള്‍. ഇവര്‍ക്കെല്ലാം ആവശ്യം ആശ്വാസമുണ്ടാക്കുന്ന വാക്കുകളാണ്. ഇത് എത്രയും ഭംഗിയായി നല്‍കുവാന്‍ കഴിവ